29/08/2026
ലഹരി നശിപ്പിച്ച ഒരു നാടിന്റെ ആഘോഷങ്ങൾ
ബഹുമാന്യരെ,..
അറയ്ക്കമൺ പൗരസമിതിയുടെ 23/08/2026 ഞായറാഴ്ച നടന്ന ഓണാഘോഷ പരുപാടികൾക്കിടയിൽ നടന്ന അനിഷ്ട സംഭവങ്ങൾക്കും അത് മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്കും എല്ലാ പ്രീയപ്പെട്ടവരോടും ആദ്യം തന്നെ ക്ഷമാപണം നടത്തുന്നു.
അന്നേ ദിവസം നടന്ന വിഷമകരമായ സംഭവങ്ങളുടെ യാഥാർഥ്യങ്ങൾ അവിടെ സന്നിഹിധരായിരുന്ന ആളുകൾ നേരിട്ട് മനസിലാക്കിയതാണ്. എന്നാൽ ഇപ്പോൾ അതിനെ പറ്റി വിവിധ കഥകൾ നാട്ടിൽ പ്രചരിക്കുന്നതിനാൽ സംഭവങ്ങളുടെ സത്യാവസ്ഥ നിങ്ങളെ അറിയിക്കേണ്ടത് അനിവാര്യമാണല്ലോ.
ഓണാഘോഷ പരുപാടികൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും, സന്നദ്ധ പ്രവർത്തനങ്ങളും, ഉൾപ്പടെ സമൂഹത്തിന്റെ ഏതാവശ്യത്തിനും മുന്നിൽ നിന്ന് മികച്ച ഒരു കൂട്ടായ്മയായ് മുന്നേറിയതിന്റെ അംഗീകരമാണ് നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വലിയ പിന്തുണ.ഓരോ തവണയും കഴിഞ്ഞതിനേക്കാൾ മികവോടെ നടത്തിയ നാല് പരിപാടികളുടെ വിജയവും പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും ഒന്ന് കൊണ്ട് മാത്രമാണ് നേടാനായത്.
അഞ്ചാം ഓണാഘോഷ പരുപാടിയായ തരംഗം 2k26ഉം അതെ മികവോടെ വളരെ ഭംഗിയായി നിങ്ങൾക്ക് മുൻപിലെത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു.മികച്ച രീതിയിൽ വൻ ജനപങ്കാളിതത്തോടെ മുന്നേറിയ ആഘോഷങ്ങളിൽ അവസാന നിമിഷം അരങ്ങേറിയത് വിഭവസമൃദ്ധമായ സദ്യക്ക് ശേഷം കഴിക്കാനിരുന്ന പാൽപായസത്തിലേക്ക് മണ്ണ് വാരിയിട്ട പോലെയുള്ള അനുഭവമായിരുന്നു.
ഒരു തലമുറ തന്നെ ലഹരി എന്ന മഹാവിപത്തിന് അടിമപ്പെട്ട് പോയത് മൂലമുണ്ടായ പ്രത്യാഘാതങ്ങളുടെ നേർകാഴ്ച ആയിരിന്നു പിന്നീട് അവിടെ അരങ്ങേറിയത്.
ഇടയ്ക്കിടെ പെയ്ത മഴ മൂലം സമയം ഏറെ അതിക്രമിച്ചിട്ടും ക്ഷെമയോടെ പരുപാടികൾ ആസ്വദിച്ച് കൊണ്ടിരുന്ന മുഴുവൻ പേരെയും ഞെട്ടിച്ചു കൊണ്ടാണ് പെൺകുട്ടികൾ അടക്കമുള്ള കുറെ സംഘം ആസൂത്രിതമായി സംഘർഷങ്ങൾ അഴിച്ചു വിട്ടത്. പോലീസിനെ പോലും ആക്രമിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നിയന്ത്രണതീതമായതോടെ ഞങ്ങളെ വിശ്വസിച്ച് പരുപാടികൾ കാണാൻ എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ള ആളുകളെ സുരക്ഷിതരായി മടക്കി അയക്കുക എന്നത് ഞങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ആയത് കൊണ്ട് തന്നെയാണ് ഗാനമേള പൂർത്തീകരിക്കാനാകാതെ പാതി വഴിയിൽ അവസാനിപ്പിക്കാൻ ഞങ്ങൾ നിർബന്ധിതരായത്.
അന്ന് നടന്ന പൊതുസമ്മേളനത്തിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പൗരസമിതി പൂർണ്ണ പിന്തുണ അറിയിക്കുകയും, പൗരസമിതി അംഗങ്ങൾ നിയമപാലകരോടൊപ്പം ചേർന്ന് ഈ മഹാവിപത്തിനെതിരെ പ്രവർത്തിക്കാൻ തയാറാണെന്ന് നമ്മുടെ MLA യുടെ സാനിദ്ധ്യത്തിൽ പ്രഖ്യാപിച്ചത്തോടെ ഈ കൂട്ടായ്മയെ തകർക്കുക എന്ന ഗൂഡലക്ഷ്യത്തോടെയാണ് ഈ കൂട്ടർ അക്രമം അഴിച്ച് വിട്ടത്. പൗരസമിതിയുടെ വളർച്ചയിൽ അസൂയ പൂണ്ട ചില തല്പര കക്ഷികളുടെ പിന്തുണയും ഇക്കൂട്ടർക്കയാണ്ടായിട്ടുണ്ട്. ഒപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ നടത്തിയ ഇടപെടീലുകളും സാഹചര്യങ്ങൾ കൂടുതൽ വഴളാക്കാൻ കാരണമായി. പല പ്രകോപനങ്ങൾ ഉണ്ടായെങ്കിലും സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്ത പൗരസമിതി അംഗങ്ങളുടെ ഇടപെടീലും വലിയ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ പരുപാടികൾ അവസാനിപ്പിക്കാൻ സാധിച്ചു.
ഇത്രയും അനിഷ്ട സംഭവങ്ങൾ ഉണ്ടായ ശേഷവും ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയും, ഫോൺ കോളുകളിലൂടെയും, മെസ്സേജുകളിലൂടെയും, നേരിട്ടും നിങ്ങൾ നൽകുന്ന നല്ല വാക്കുകളും പിന്തുണയും ഞങ്ങൾക്ക് നൽകുന്ന ഊർജ്ജം വളരെ വലിയതാണ്. മാസങ്ങളായുള്ള ഞങ്ങളുടെ കഷ്ടപ്പാടിന് പൂർണ്ണ ഫലപ്രാപ്തി ഉണ്ടാക്കാൻ കഴിയാത്തത്തിന്റെ വിഷമത്തിലായിരിക്കുന്ന ഞങ്ങളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ് ഈ പിന്തുണ.
വിവിധ ജാതി, മത, വർഗ്ഗ, കക്ഷി, രാഷ്ട്രീയ ആശയങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഒരു കൂട്ടായ്മ ആണെങ്കിലും ആ ചിന്തകൾക്ക് അതീതമായി ഒത്തുരുമയോടെ ഒരുമെയ്യായ് പ്രവർത്തിക്കുന്ന അറയ്ക്കമൺ പൗരസമിതി തുടർന്നും ഇതിലും മികച്ച പ്രവർത്തനങ്ങളും പരുപാടികളുമായി നിങ്ങൾക്ക് മുന്നിലെത്തും, ഇതുവരെ നൽകിയ പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഒരിക്കൽക്കൂടി എല്ലാവരോടും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
അറയ്ക്കമൺ പൗരസമിതിക്ക് വേണ്ടി
സംഘാടക സമിതി