22/04/2022
വാർത്താവിളംബരം:: ഒരു നാടാകെ തലയിലേറ്റി സ്നേഹിച്ച പ്രേംനസീർ എന്ന അതികായനായ ചിറയിൻകീഴുകാരൻ . തനിക്ക് കഴിവുണ്ടായിരുന്നപ്പോൾ കിട്ടിയ വരുമാനത്തിന്റെ നല്ലൊരു ഭാഗം ജനിച്ച നാടിനും നാട്ടുകാർക്കും ചിലവഴിച്ച മഹാനായ മനുഷ്യ സ്നേഹി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് എക്സ്റേ യൂണിറ്റ് .. ശാർക്കരയമ്പലത്തിന് ആന .. ടെലിവിഷൻ ഇറങ്ങിയപ്പോൾ പരമാവധി വായനശാലകൾക്കും കവലകൾക്കും TV .. പത്തുദിവസത്തെ പ്രസിദ്ധമായ ശാർക്കരയുൽസവത്തിൽ ഒരു ദിവസത്തെ ഉത്സവത്തിന്റെ മൊത്തം ചിലവ്. (അങ്ങനെയാണ് പണ്ട് യേശുദാസ് ശാർക്കരയിൽ കച്ചേരി നടത്തിയത്).. കൂന്തള്ളൂർ സർക്കാർ സ്കൂളിന് കൂറ്റനൊരു കെട്ടിടം .. അങ്ങനെ പലതും പലതും. അറിയാവുന്നതും അറിയാത്തതുമായ എന്തെല്ലാം ചിറയിൻകീഴിന് നൽകി ഈ അബ്ദുൽ ഖാദർ .... ശാർക്കരക്ഷേത്രത്തിലെ ഒരുളുൽസവവും തൂക്കമഹോത്സവവും കഴിഞ്ഞാൽ പിന്നെ ചിറയിൻകീഴ് താലൂക്ക് കണ്ടിട്ടുള്ള ഏറ്റവും വലിയ ജനക്കൂട്ടങ്ങൾ പ്രേംനസീറിനെ സ്വീകരിക്കാൻ വേണ്ടിയായിരുന്നു എന്നത് മറക്കാൻ കഴിയാത്തതാണ്.. തന്നെ താനാക്കിയത് ചിറയിൻകീഴും, ശാർക്കരപ്പറമ്പും, ശാർക്കരയിലെ ശക്തിയുമാണെന്ന് പരസ്യമായിപ്പറയുവാൻ തന്റേടം കാട്ടിയ പ്രേംനസീർ മതസൗഹാർദ്ദത്തിന്റെ ഈശ്വര സാന്നിദ്ധ്യമായിരുന്നു........ ഇപ്പോഴിതാ മുന്നിൽ അഭിമാനത്തോടെ പ്രേംനസീർ എന്നെഴുതി വച്ചിട്ടുള്ള, ഒരു നാടിന്റെയാകെ ചൈതന്യമായിരുന്ന കൂന്തള്ളൂരിലെ അദ്ദേഹത്തിന്റെ പഴയ കാലത്തെ പ്രൗഢഗംഭീരമായ വീട് കുടുംബക്കാർ വിൽക്കാൻ പോകുന്നു എന്ന വാർത്തകൾ
പ്രചരിക്കുന്നു.. അതിനവരെ കുറ്റം പറയാനാവില്ല. അത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണല്ലോ?......... എന്നാൽ ചിറയിൻകീഴുകാർക്ക് ഈ മന്ദിരത്തിന്റെ പ്രാധാന്യത്തേയും, പ്രേംനസീറിനെയും മറക്കാനാവുമോ? ഇതുപോലൊരു സ്മാരകം പ്രേംനസീറിന് വെറെയെന്താണ്? അദ്ദേഹത്തിന്റെ മരണത്തിന്ശേഷം മൂന്ന് പതിറ്റാണ്ടായി നാം കേൾക്കുന്നതാണ് അദ്ദേഹത്തിനായൊരു സ്മാരകത്തിന്റെ കേളികൊട്ട്. എങ്ങുമെത്തിയില്ല. ഒന്നുമായില്ല...അതൊക്കെ മറക്കാം.. ഇപ്പോൾ തേടിവന്നിരിക്കുന്ന ഈ സുവർണ്ണാവസരം നഷ്ടപ്പെട്ടാൽ , അതൊരു തീരാനഷ്ടം തന്നെയാകും....... ഈ കെട്ടിടം പ്രേംനസീറിന്റെ സ്മാരകമാകണം - അതുപക്ഷെ ഔദാര്യമാകരുത്. ഇപ്പോഴത്തെ അവകാശികൾക്ക് മാന്യമായ പ്രതിഫലം നൽകി വിലക്ക് വാങ്ങണം.. (ആ തുക എത്രയായാലും കൂന്തള്ളൂർ സ്കൂളിനുവേണ്ടി പ്രേംനസീർ ചിലവാക്കിയ പണത്തിന്റെ ഒരംശമേ ആകു ) .. ഈ കാര്യത്തിൽ ചിറയിൻകീഴ് ജനതയും, നേതാക്കൻമാരും , താലൂക്കിലെ മുഴുവൻ ജനപ്രതിനിധികളും , പ്രത്യേകിച്ച് ചിറയിൻകീഴ്, കിഴുവിലം പഞ്ചായത്ത് സമിതികളും ആത്മാർത്ഥമായി ഒന്നു ശ്രമിച്ചാൽ ഒരു മാസം കൊണ്ട് പ്രേംനസീറിന്റെ ഭവനം ചിറയിൻകീഴിന്റെ അഹങ്കാരമാകും എന്നുറപ്പാണ്.. ---------------.. വാൽക്കഷണം : മറിച്ചായാൽ , ചിറയിൻകീഴിന്റെ എക്കാലത്തെയും വലിയ വികാരമെന്നും, അഹങ്കാരമെന്നും, അനശ്വരനെന്നുമൊക്കെ നാം പറഞ്ഞാദരിച്ചിരുന്ന ആ വലിയ മനുഷ്യന്റെ സ്വപ്നഭവനത്തിന് മുന്നിൽ ചിലപ്പോൾ ഒരു ബോർഡ് വന്നേക്കാം.. ബാറെന്നോ, കള്ളുഷാപ്പെന്നോ, പലിശക്കുകൊടുക്കുന്ന കേന്ദ്രമെന്നോ ഒക്കെ ..അങ്ങനെവന്നാൽ ചിറയിൻകീഴിനു മാത്രമല്ല ഈ കൊച്ചുകേരളത്തിനാകെത്തന്നെ സഹിക്കാവുന്നതിലുമേറെയായിപ്പോകും. -----
കടപ്പാട് - ശ്രീവത്സൻ ആറ്റിങ്ങൽ